ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം തുടര്‍ച്ചയായ അഞ്ചാം ദിനവും പ്രതിപക്ഷ ബഹളത്തത്തുടര്ന്ന് ലോക്സഭ നിര്‍ത്തിവച്ചു. രാവിലെ 11ന് സഭ സമ്മേളനം ആരംഭിച്ചെങ്കിലും വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങി ബഹളം കടുപ്പിച്ചതോടെ 12 മണിവരെ സ്പീക്കര്‍ ഓം ബിര്‍ള സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. പിന്നീട് സഭ ചേര്‍ന്നെങ്കിലും സമാന സ്ഥിതി തുടരുകയായിരുന്നു.
12 മണിക്ക് ചേര്‍ന്നപ്പോള്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി സഭാ നടപടികള്‍ തടസപ്പെടുത്തി. തുടര്‍ന്ന് അധ്യക്ഷസ്ഥാനം വഹിച്ച സ്പീക്കര്‍ പാനലിലുള്ള കൃഷ്ണപ്രസാദ് ടെന്നറ്റി സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. തിങ്കളാഴ്ചയാണ് ഇനി സമ്മേളനം നടക്കുക.
ജനുവരി 28ന് ബജറ്റ് സമ്മേളനം ആരംഭിച്ചെങ്കിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും സാമ്പത്തിക സര്‍വെ റിപ്പോർട്ട് ലോക്സഭയില്‍ വയ്ക്കുന്നതും ബജറ്റ് അവതരണവും ഒഴികെയുള്ള ബാക്കി നടപടികള്‍ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ ഈ നിലപാട് മൂലം ശേഷം 19 മണിക്കൂറും 13 മിനിറ്റും നഷ്ടപ്പെട്ടതായി ഇന്നലെ രാവിലെ സമ്മേളനം ആരംഭിച്ചപ്പോള്‍ സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ബജറ്റിനു മേലുള്ള ചര്‍ച്ചയുടെ രണ്ടാംദിനമായിരുന്നു ഇന്നലെ. എന്നാല്‍, ബജറ്റ് ചര്‍ച്ച ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
മുന്‍ കരസേനാ മേധാവി എം.എം. നരവനയുടെ ഓർമക്കുറിപ്പിലെ വെളിപ്പെടുത്തലിനെപ്പറ്റി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
തുടർന്ന് പ്രതിപക്ഷം ലോക്സഭയ്ക്കുള്ളില്‍ പ്രതിഷേധം ശക്തമാക്കിയതോടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തിയില്ല. പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയെങ്കിലും രാജ്യസഭയിലാണ് അദ്ദേഹം മറുപടി നല്‍കിയത്.